ന്യൂഡൽഹി: ലഹരിമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധ പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ഡിസംബർ 31-ഓടെ രാജ്യത്തെ ലഹരിക്കച്ചവടം പൂർണമായും തുടച്ചുനീക്കുമെന്ന ലക്ഷ്യം അദ്ദേഹം മുന്നോട്ടുവെച്ചു. ന്യൂഡൽഹിയിൽ നടന്ന ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് മേധാവികളുടെ മൂന്നാം ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഒരു ഗ്രാം മയക്കുമരുന്ന് പോലും ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ല, ഒപ്പം ഒരു ഗ്രാം പോലും വെളിയിലേക്ക് പോകുന്നതും തടയും," 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പൊലിസ് മേധാവികളെ സാക്ഷിനിർത്തി ഷാ വ്യക്തമാക്കി. വെറും യോഗങ്ങളും റിപ്പോർട്ടുകളും എന്നതിൽ നിന്ന് മാറി ദൗത്യങ്ങൾക്കും ഫലങ്ങൾക്കും ഊന്നൽ നൽകാനും, ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ അതിന്റെ പിന്നിലെ വൻ ശൃംഖലകൾ തന്നെ തകർക്കാനും സംസ്ഥാനങ്ങൾക്ക് അദ്ദേഹം നിർദേശം നൽകി.
2029 ഡിസംബർ 31-ഓടെ ഇന്ത്യയെ പൂർണമായും ലഹരിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. കേവലം ലഹരി പിടിച്ചെടുക്കലല്ല, മറിച്ച് അതിന്റെ സാമ്പത്തിക ഉറവിടങ്ങളും ലഹരി ശൃംഖലകളും കണ്ടെത്തി പൂർണമായും ഉന്മൂലനം ചെയ്യാനും ശിക്ഷാവിധി ഉറപ്പാക്കാനുമാണ് പോകുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. ഓരോ ജില്ലയിലും ഉത്പാദന സ്ഥലം, കടത്തുപാത, ഉപയോഗ കേന്ദ്രം എന്നിങ്ങനെ തിരിച്ചുള്ള കർശന പരിശോധനയാകും നടക്കുക.
നഷാമുക്ത് മിത്രയെന്ന പേരിൽ ഒരു ലക്ഷം വളണ്ടിയർമാരെ അണിനിരത്തി 10 ലക്ഷത്തോളം സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണം നടത്തു. സിന്തറ്റിക് ഡ്രഗ്സ്, ഡാർക്ക് വെബ്, ക്രിപ്റ്റോ കറൻസി വഴി നടത്തുന്ന ലഹരി വ്യാപാരങ്ങൾക്കെതിരെ പൊലിസിന് പ്രത്യേക പരിശീലനം നൽകും. വിദേശികളായ കുറ്റവാളികളെ നാടുകടത്താനും ഇന്ത്യയിലെത്തിച്ച് വിചാരണ ചെയ്യാനും കർശന നടപടികൾ സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.